Friday, January 9, 2009

പാടാൻ മറന്ന പക്ഷി












പാടാൻ മറന്നോരു പക്ഷീ
പാടവരമ്പിലെപ്പക്ഷീ
പഴമയൂട്ടും ചുണ്ടിലെന്തേ
പൊഴിയാത്തതിന്നു സംഗീതം

സ്മൃതിപഥം പിന്നിട്ടുപോകും
മനസ്സിന്റെ മൗനത്തുടിപ്പിൽ
ഇതൾനീർത്തിയുണരും തരംഗം
നിൻ പുരാവൃത്ത സന്ദേശം

ചെറുശ്ശേരി മുറ്റത്തു കാലം
നട്ടൊരപ്പൊന്മുളം തണ്ടിൽ
ദ്വാപരാരമ്യരാഗങ്ങൾ
കാളിന്ദിപോലൊഴുകുമ്പോൾ

കിള്ളിക്കുറിശ്ശിപ്പറമ്പിൽ
തേനൂറുമക്കാഞ്ഞിരത്തിൻ
താണൊരക്കൊമ്പിൽ നീ പാടും
ഈരടി കേട്ടുണരുമ്പോൾ

പണ്ടക്കലക്കത്തുനിന്നും
അമ്പലത്തട്ടിലാടീടും
അമ്പത്തിയൊന്നക്ഷരത്തിൻ
നീർമുത്തു പെയ്തിറങ്ങുമ്പോൾ

മാനസമെല്ലാം മറന്നൂ
രോമാഞ്ചഹർഷങ്ങൾ പൂണ്ടു
കൈരളിപ്പെണ്ണന്നൃതുവായ്
മുഗ്ദ്ധയായ് നീരാടി നിന്നൂ

കാകളിച്ചോലയിൽ താനേ
മഞ്ചരിപ്പൂമൊട്ടുണർന്നു
പൊൻ കളകാഞ്ചികുലുങ്ങി
അന്നനടമാർ കുണുങ്ങി

അച്ഛനാം സഹ്യന്റെയുള്ളിൽ
സ്നേഹക്കുറിഞ്ഞികൾ പൂത്തു
അമ്മതൻ പൂന്തിരക്കൈകൾ
താരാട്ടി മാറൂട്ടി നിന്നു

ചിന്തയിൽ വർണ്ണങ്ങൾ ചാർത്തി
നിൻ ഹാസരശ്മി ചോരുമ്പോൾ
കഥകൾ കാവ്യങ്ങളായ് പാറി
ഒരുനൂറുശലഭങ്ങൾ മണ്ണിൽ

ഇതു ഭൂമിതന്റെ സൗഭാഗ്യം
എന്റെയാജന്മ സൌഭാഗ്യം
അറിയുന്നു ഞാനായതീഞ്ഞാൻ
ആ സ്നേഹവാൽസല്യ ലോലം

വഴിപോക്കർ വാഴ്ത്തി സൗന്ദര്യം
വിലപേശി വന്നുനിൽക്കുമ്പോൾ
അതിനൊത്തരങ്ങാടുവാനായ്
മനയോല ചാർത്തുന്നു മക്കൾ

ശാരികേ, കരയായ്ക നിന്റെ
ശാലീന ശാരീരമന്റെ
ശ്രുതിയായി ലയമായ് മുഴങ്ങും
ശതകോടി വർഷങ്ങൾ വീണ്ടും

നിൻ വയലേലയിൽ വീണ്ടും
പൊന്നരിവാൾ രാകിയെത്തും
മണ്ണിൽ കുരുത്ത മൈഥിലിമാർ
കൊയ്ത്തുപാട്ടീണങ്ങൾ മൂളും

ശ്രാവണ സന്ധ്യകൾ കൂട്ടും
സിന്ദൂര വർണ്ണവും കാപ്പും
ഉത്തരമാരണിഞ്ഞാടും
ആതിരച്ചോടുവച്ചീടും

നടപഠിപ്പിക്കാൻ മരാളം
നൈഷധത്തിൽ നിന്നുമെത്തും
വാർമയൂരങ്ങൾ, മേഘങ്ങൾ
സന്ദേശമേന്തിപ്പറക്കും

ഗന്ധർവ ഗായകന്മാർ നിൻ
ഈരടിപാടിയെത്തുമ്പോൾ
കോടാനുകോടി ജന്മങ്ങൾ
ആ ഗീതമേറ്റുപാടീടും

പാടു നീയൊന്നിനിപ്പക്ഷീ
പാടവരമ്പിലെപ്പക്ഷീ
എന്നാത്മസംഗീതമായി
മലയാളമണമാർന്ന ഗാനം

മനസുകൾ തേടുന്ന ഗാനം
മാധുര്യമൂറുന്ന ഗാനം
പാടുനീയൊന്നിനിപ്പക്ഷീ
പാടാതെ പാടുന്ന പക്ഷീ

Thursday, December 4, 2008

ഇനിഞാനുറങ്ങട്ടെ!!!












എൻ ദാഹസീമയിൽ പെയ്തൊഴിയാൻ വന്ന
ഹർഷതുലാവർഷമേഘങ്ങളേ
മൂകാർദ്ദ്രമാകാശവാതായനത്തിര-
ശ്ശീലയൊതുക്കി നീ നിൽപ്പതെന്തേ?

പണ്ടെൻ തൃസന്ധ്യയിൽ തീർത്ഥവുമായ്‌ വരും
നിൻ കുളിരാലിംഗനത്തിൽമുങ്ങി
തീമഴപെയ്യും മണൽക്കാട്ടിലേകയായ്‌
കാത്തിരിപ്പൂ ഞാൻ വിഷാദലോലം

തരളം ചിലയ്ക്കുന്നൊരോമൽ കിളിപ്പെണ്ണി-
നനുരാഗവർഷിണികേട്ടു നിൽക്കേ
ഓർമ്മകൾ പിന്നോട്ടുപായുന്നു, വീണ്ടുമെൻ
ബല്യത്തിലെ വഴിത്താര തോറും

പൂത്തുമ്പിപാറുന്ന മുറ്റത്തു മൺകളി-
വീടൊരുക്കുന്നാത്മനൊമ്പരങ്ങൾ
യക്ഷിവാഴും കാവിലേക്കൽത്തറകളിൽ-
ചിത്രം വരയ്ക്കയായ്‌ മൗനദുഃഖം

പിച്ചവച്ചോടിക്കളിച്ചു കാൽപ്പാടുകൾ
പൂക്കളം തീർക്കും മണൽപരപ്പിൽ
കൊച്ചുകൊച്ചാശകളാൽ കളമിട്ടോർമ്മ
തൊട്ടുണർത്തീടുന്നു വീണ്ടുമെന്നെ

നിത്യമുണർത്തുമപ്പള്ളിമണികൾ തൻ
കുർബാനകൊള്ളലിൻ മാറ്റൊലികൾ
മുട്ടിവിളിയ്ക്കേ പുതപ്പിന്നടിയിലേ-
ക്കൂളിയിട്ടൂ സ്വപ്ന നീർന്നുരകൾ

എന്നോ ചിലമ്പിത്തുടിച്ചോരിടയ്ക്കതൻ
താളം തുളുമ്പുമപ്പൂന്തൊടിയിൽ
വൈകിവന്നോരു വാസന്തം വിടർത്തുന്നു
ചെമ്പനീർ തൈകളിൽ പൂമൊട്ടുകൾ

കരയാൻ ചിരിക്കാൻ പഠിപ്പിച്ചൊരമ്മതൻ
മടിയിൽ കിടന്നോർമ്മ ചിക്കിടുമ്പോൾ
എന്മിഴിത്തിരിയിൽ വെളിച്ചം തെളിക്കുവാ-
നെത്തുന്നു നക്ഷത്രദീപജാലം

മധുരമാമെൻ മനോയാനത്തിനന്ത്യമി-
ച്ചരുവിൽ ഞാനേകയായ്‌ ചെന്നുനിൽക്കേ
ഇരുകൈക്കുടന്നയിൽ തീർത്ഥവുമായ്‌ കാത്തു
നിൽക്കുന്നു നീലനിലാവു മുൻപിൽ

എത്രമനോഹരമെത്രവിചിത്രമി-
ച്ചിത്രവർണ്ണാഭമാം സായന്തനം
എൻപ്രേമസങ്കൽപ്പ നീർമണിതുള്ളിയിൽ
മാരിവിൽ ചാലിച്ച നീലാംബരം

ഏകയായോരോന്നുമോർത്തു കിടന്നൊരെൻ
നെഞ്ചിൽ വികാരം തുളുമ്പിടുമ്പോൾ
കാഴ്ചകൾ മങ്ങുന്നുവേന്നോ..., നിറഞ്ഞുവോ
ഞാനറിയാതെൻ മിഴിക്കുടങ്ങൾ?!

നിദ്രതൻ തൂവിരൽ സ്പർശനത്താലൊരു
സ്വപ്നമുൾപ്പൂവിലെ തേൻ തുള്ളിയായ്‌
ആ മധു ഞാൻ നുകരട്ടെ, വിളിക്കരു-
താരും, 'ഇനിഞാനുറങ്ങിടട്ടെ!'

Thursday, November 20, 2008

ഞാനും നിന്നേപ്പോലെ!


ഒരേസ്വരം മാത്രം പാടുന്നവീണേ...
ഞാനും നിന്നേപ്പോലെ!
ഉള്ളിലെ ഗദ്ഗദം സംഗീതമാക്കും
നീയും ഞാനും ഒരുപോലേ...
നീയും ഞാനും ഒരുപോലേ...

തീരമുറങ്ങിക്കഴിഞ്ഞൂ, തിരയുടെ
തീരാവിലാപമുയർന്നൂ
പൂനിലാവിറ്റുന്ന രാത്രികളെന്നേ
പുണരാതെ എങ്ങോ മറഞ്ഞു
മനസ്സിലെ സ്വപ്നങ്ങൾ പാടുകയായുള്ളിൽ
പാടാത്ത പാട്ടുകൾ വീണ്ടും

ഇനിയെത്ര ദൂരമീ ജീവൻ, എരികനൽ
പാടം കടന്നുപോയീടാൻ
എങ്ങു മറഞ്ഞിത്ര നാളുമെൻ കൂടെ
നിഴലായ യാഥാർത്ഥ്യമെല്ലാം
വിടപറയുകയാണെന്റെ മനസ്സിലെ
വിവശമാം മോഹങ്ങൾ ദൂരേ

ഞാനാദ്യമായി ഇതിലിടുന്ന ഗാനം.